ടെഹ്റാൻ: ഇറാനുമേൽ അമേരിക്ക, ഇസ്രയേൽ സംയുക്ത സൈന്യം നടത്തിയ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട വിദ്യാർഥികളുടെ എണ്ണം 57 ആയി. 60 പേർക്ക് പരിക്കേറ്റു.
പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്കൂളിൽ മിസൈൽ വീണെന്നും മരണ സംഖ്യ ഉയർന്നേക്കുമെന്നും ഇറാൻ നേരത്തെ അറിയിച്ചിരുന്നു. പെൺകുട്ടികളുടെ പ്രാഥമിക വിദ്യാലയത്തിന് നേരെയുണ്ടായ ആക്രമണത്തിന് മറുപടി ലഭിക്കാതെ പോകില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞു.
തെക്കൻ ഇറാനിലെ ഹോർ മോസ് ഗൻ എന്ന സ്ഥലത്തുള്ള പ്രൈമറി സ്കൂളാണ് ആക്രമിക്കപ്പെട്ടത്. മരിച്ചവരെല്ലാം കൊച്ചു പെൺകുട്ടികളാണെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, സിറിയയുടെ തെക്കൻ നഗരമായ സ്വീഡയിൽ ഒരു കെട്ടിടത്തിൽ ഇറാനിയൻ മിസൈൽ പതിച്ച് നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തെക്കൻ സിറിയയിലെ ദാര പ്രവിശ്യയിലെ ഖുനൈത്ര നഗരത്തിലും യർമൂക്ക് ബേസിനിലും മിസൈൽ അവശിഷ്ടങ്ങൾ വീണതായി സംസ്ഥാന വാർത്താ ഏജൻസിയായ സന റിപ്പോർട്ട് ചെയ്തു.